കൊല്‍ക്കത്ത: ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നു വിമാനത്തിനു അടിന്തര ലാന്‍ഡിങ് അനുമതി നല്‍കാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. ബുധനാഴ്ച രാത്രി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ വൈകിയതിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്.

ബുധനാഴ്ച രാത്രി 7.30ന് പാറ്റ്‌നയില്‍ നിന്നും പുറപ്പെട്ട വിമാനം 8.30ന് കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു. വിമാനത്തില്‍ ഇന്ധനം കുറവാണെന്നും എത്രയും വേഗം ലാന്‍ഡിങിനുള്ള അനുമതി നല്‍കണമെന്നും പൈലറ്റ് അഭ്യര്‍ത്ഥിച്ചെങ്കിലും അരമണിക്കൂര്‍ പറന്നതിനു ശേഷമാണ് വിമാനത്തിനു ഇറങ്ങാന്‍ അനുമതി നല്‍കിയത്. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനെത്തിരായുള്ള സമരം കഴിഞ്ഞ് ബംഗാളിലേക്ക് തിരികെ പോവുകയായിരുന്നു മമത.

മമതാ ബാനര്‍ജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതിന്റെ ഭാഗമാണ് ഈ സംഭവമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ നഗര വികസന മന്ത്രി ഫിറാദ് ഹക്കിം പറഞ്ഞു. നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് മമതയെ വധിക്കാന്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി മുകുള്‍ റോയി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാര്‍ വിമാനത്തിലുണ്ടെങ്കില്‍ ആ വിമാനത്തിനു മുന്‍ഗണന നല്‍കണമെന്നു നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും വ്യോമയാന മന്ത്രിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഈ ആരോപണങ്ങളെ വിമാനത്താവള അധികൃതര്‍ തള്ളി. ലാന്‍ഡിങ് അനുമതി വൈകിപ്പിച്ചത് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പുതുമയല്ലെന്നും അവര്‍ വ്യക്തമാക്കി.