മലയാള സിനിമയിലെ മഹാനടന്‍ മമ്മൂട്ടിയും പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ഖാലിദ് റഹ്‌മാനും വീണ്ടും കൈകോര്‍ക്കുന്നു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാര്‍ക്കോ’, ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘കാട്ടാളന്‍’ എന്നിവയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
നിയോഗ്, സുഹാസ്, ഷര്‍ഫു എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രം, നടനും താരവുമായ മമ്മൂട്ടിക്കുള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകര്‍ച്ചകളിലൂടെ ഓരോ തവണയും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടി, ഖാലിദ് റഹ്‌മാനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.
‘ഉണ്ട’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി – ഖാലിദ് റഹ്‌മാന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ‘ആലപ്പുഴ ജിംഖാന’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും, ‘ടികി ടാക്കക്’ക്ക് ശേഷം നിയോഗ് രചന നിര്‍വഹിക്കുന്ന സിനിമയുമാണ് ഇത്.
മലയാളത്തിനകത്തും പുറത്തുമുള്ള നിരവധി വമ്പന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2026ല്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
‘മാര്‍ക്കോ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ സിനിമ വിനോദവ്യവസായ രംഗത്ത് അതി നൂതന ആശയങ്ങള്‍ അവതരിപ്പിച്ച ഷെരീഫ് മുഹമ്മദ്, അദ്ദേഹത്തിന്റെ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ട്രെന്‍ഡിംഗാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍,പി.ആര്‍.ഒ: വൈശാഖ് സി വടക്കേവീട്,ജിനു അനില്‍കുമാര്‍