entertainment

എം.ടി വാസുദേവന്‍ നായരുടെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി

By webdesk18

December 25, 2025

കൊച്ചി: മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭ എം.ടി വാസുദേവന്‍ നായരുടെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ‘പ്രിയ ഗുരുനാഥന്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, നിര്‍മാതാവ്, അധ്യാപകന്‍ എന്നിങ്ങനെ നിരവധി വേഷങ്ങള്‍ ഒരുപോലെ അണിഞ്ഞ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്.

എം.ടി കഥയും തിരക്കഥയും രചിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എം.ടി രചിച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ക്ലാസിക് സൃഷ്ടികളായി. വടക്കന്‍ വീരഗാഥയിലെ ചന്തു, സുകൃതംയിലെ രവി ശങ്കര്‍, പഴശ്ശിരാജ തുടങ്ങിയ കഥാപാത്രങ്ങള്‍ അതില്‍ ചിലത് മാത്രമാണ്.

എം.ടിയുമായി തനിക്കുണ്ടായിരുന്നത് വിശദീകരിക്കാനാകാത്ത ആത്മബന്ധമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു പിറന്നാള്‍ ചടങ്ങിനിടെ കാലിടറിയ എം.ടി തന്റെ പ്രിയ ശിഷ്യന്റെ മാറിലേക്ക് ചാഞ്ഞുനിന്നത് ആ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നുവെന്ന് സിനിമാ ലോകം ഇന്നും ഓര്‍ക്കുന്നു.

അക്ഷരങ്ങള്‍, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, തൃഷ്ണ, അനുബന്ധം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് മമ്മൂട്ടിക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടി ഒരുക്കിയിട്ടുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ഈ അപൂര്‍വ ബന്ധം മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും വേറിട്ട അധ്യായമായി നിലനില്‍ക്കും.