‘ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നു ഞാന്‍ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അത് ചരിത്രകാരന്മാര്‍ തീരുമാനിക്കട്ടെ. ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇഷ്ടമുള്ളത് പറയാം. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് കാര്‍മികത്വം വഹിച്ചതാണ് ശക്തനായ പ്രധാനമന്ത്രി എന്നത് കൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എങ്കില്‍, കരുത്തിന്റെ അളവുകോല്‍ അതാണ് എങ്കില്‍, ഈ രാജ്യത്തിന് അത്തരത്തില്‍ ഒരു കരുത്ത് വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കും… മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ ചരിത്രം എന്നോട് ദയ കാണിക്കും’ – മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് തന്റെ പ്രധാനമന്ത്രി പദത്തെ കുറിച്ച് ദ ഹിന്ദുവിന് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇവ.

ആ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്‍മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും. ചരിത്രം മോദിയോട് ഒരിക്കലും ദയ കാണിക്കില്ല എന്നും.

തകര്‍ന്നടിഞ്ഞ ജിഡിപി

ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) രേഖപ്പെടുത്തിയത്. മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. 1996 മുതല്‍ പ്രസിദ്ധപ്പെടുത്തുന്ന ത്രൈമാസ കണക്കുകളില്‍ ഏറ്റവും മോശം പ്രകടനമാണ് ഈ പാദത്തിലേത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയായിരുന്നു സമ്പദ് രംഗം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ജിഡിപി ഇടിവ് സംഭവിച്ചാല്‍ 1980കളിലെ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

രാജ്യത്തെ മിക്ക മേഖലയിലും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്നതാണ് ഏറെ ആകുലപ്പെടുത്തുന്നത്. നിര്‍മാണ മേഖലയില്‍ മൈനസ് 50.3 ശതമാനവും വ്യാപാര മേഖലയില്‍ മൈനസ് 47 ശതമാനവും നിര്‍മാണ മേഖലയില്‍ മൈനസ് 39.3 ശതമാനവമാണ് വളര്‍ച്ച. വ്യാവസായിക വളര്‍ച്ച മൈനസ് 38.1 ശതമാനമാണ്. ഖനന മേഖലയില്‍ മൈനസ് 23.3 ശതമാനവും. കേന്ദ്ര സ്ഥിതി വിവര മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

കോവിഡില്‍ തകര്‍ന്നത് ഇന്ത്യ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആണ് കോവിഡ് ഏറെ ബാധിച്ചത് എന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ മൈനസ് 23.9 ശതമാനമാണ് ജിഡിപി വളര്‍ച്ച ജി7 രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇങ്ങനെയാണ്; യുകെ -20.04%, ഫ്രാന്‍സ് -13.8%, ഇറ്റലി -12.4%, കനഡ -12%, ജര്‍മനി -10.1%, യുഎസ് -9.5%, ജപ്പാന്‍ -7.5%, ചൈന 3.2%.

ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ് എന്ന് ചുരുക്കം. കോവിഡിനെതിരെ പ്രഖ്യാപിക്കപ്പെട്ട അശാസ്ത്രീയ ലോക്ക്ഡൗണാണ് ഇതിനു കാരണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കാരണം കോവിഡല്ല, നോട്ടുനിരോധനവും ജിഎസ്ടിയും

നിലവിലെ സാമ്പത്തിക തളര്‍ച്ചയ്ക്കു പിന്നിലെ അടിയന്തര കാരണം മാത്രമാണ് കോവിഡ് മഹാമാരിയും അതേത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണും. യഥാര്‍ത്ഥത്തില്‍ ഇതിനു മുമ്പു തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. കൊട്ടിഗ്‌ഘോഷിക്കപ്പെട്ട് നടപ്പാക്കിയ നോട്ടുനിരോധനം മുതലാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ടു പോകാന്‍ തുടങ്ങിയത്.
2018 മുതല്‍ മാത്രമുള്ള കണക്കുകള്‍ ഇങ്ങനെയാണ്. 2018-19ലെ രണ്ടാം പാദത്തില്‍ 7.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. മൂന്നാം പാദത്തില്‍ അത് 6.6 ശതമാനമായി മാറി. നാലാം പാദത്തില്‍ 5.8 ശതമാനവും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ അഞ്ചു ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. രണ്ടാം പാദത്തില്‍ അത് 4.5 ശതമാനവും മൂന്നാം പാദത്തില്‍ 4.7 ശതമാനവുമായി. നാലാം പാദത്തില്‍ 3.1 ശതമാനവും. അതാണ് ഇപ്പോള്‍ മൈനസിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്.

ജിഡിപി കൂപ്പുകുത്തിയതിന് ഒപ്പം 150 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് ഏകദേശ കണക്ക്. അതിനൊപ്പം രാജ്യത്തെ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ന നില്‍ക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കാനുള്ള ശേഷി പോലും സര്‍ക്കാറിന് ഇല്ലാതിയിരിക്കുന്നു. എല്ലാം ദൈവത്തിന്റെ കളി എന്നാണ് ഈയിടെ ഇതേക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.