india

തനിച്ച് മല്‍സരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

By Chandrika Web

March 03, 2023

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പി. വിരുദ്ധത പറയുന്നത് വെറുതെയാണെന്നും അവര്‍ പറഞ്ഞു. ബംഗാളിലെ സാഗര്‍ദിഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി.പി.എം പിന്തുണയോടെ വിജയിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുമായി സഹകരണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മമതയുടെ ഈ പ്രസ്താവന. ജനങ്ങളുടെ പിന്തുണയോടെ വിജയിക്കുമെന്നും അവര്‍ പറഞ്ഞു. മൂന്നാംതവണയും സംസ്ഥാനത്ത് അധികാരം പിടിച്ച മമത ഇത്തവണയും കേന്ദ്രത്തിലേക്ക് നോക്കുന്നില്ലെന്നതിന്റെ സൂചനകൂടിയാണിത്. അവിടെ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞതവണ 42ല്‍ 18 സീറ്റ് ബി.ജെ.പി പിടിച്ചിരുന്നു. ഇതാണ് മമതയെ ബംഗാളില്‍ കുരുക്കിനിര്‍ത്തുന്ന ഘടകം.