Connect with us

kerala

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയ ഇനി ഓർമ; ഖബറടക്കം നടത്തി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം

Published

on

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ ഖബറടക്കം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്.മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (കെ.എസ്.ഇ.ബി), ജസി, ഫസ്‌ന.

മമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946ല്‍ പള്ളിക്കണ്ടിയില്‍ ജനിച്ച മാമുക്കോയ (മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം) കോഴിക്കോട് എം.എം ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംരക്ഷിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ നാടകങ്ങളില്‍ അഭിനയം തുടങ്ങി. കല്ലായിയില്‍ മരം അളക്കല്‍ തൊഴിലായി സ്വീകരിച്ചപ്പോഴും നാടകം കൈവിട്ടില്ല. കെ.ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ.കെ പുതിയങ്ങാടി, കെ.ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979ല്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’യിലൂടെയാണ് സിനിമയിലെത്തിയത്. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1982ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത ‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ അവസരം ലഭിച്ചതോടെ വീണ്ടും സിനിമയിലെത്തി. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയുടെ വെള്ളിത്തിരയിലെ നിത്യ സാന്നിധ്യമായി. നാനൂറോളം സിനിമകളില്‍ അഭിനയിച്ചു. കോഴിക്കോടന്‍ ഭാഷയുടെ നര്‍മം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം വിതറിയ അദ്ദേഹം, ഗൗരവതരമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കയ്യടിനേടി. സത്യന്‍ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തി. റാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകള്‍. സന്ദേശത്തിലെ പൊതുവാള്‍, കണ്‍കെട്ടിലെ കീലേരി അച്ചു, നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക…, മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ കഥാപത്രങ്ങളാണ് മാമുക്കോയ പ്രേക്ഷക ഹൃദയങ്ങളില്‍ കുടിയിരുത്തിയത്. ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ നായകനായി അഭിനയിച്ച ‘ഉരു’ ആണ് അവസാന ചിത്രം.

കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്നലെ വൈകിട്ട് മൂന്നുമണി മുതല്‍ രാത്രി പത്തു മണി വരെയും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരത്തില്‍ സിനിമ, നാടക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം സാധാരണക്കാരായ ആയിരങ്ങളും ആദരാഞ്ജലികളര്‍പ്പിച്ചു.

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി

Published

on

വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്‍കി.

Continue Reading

kerala

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം

അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.

Published

on

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യുമറേഷന്‍ ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന്‍ അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ എസ്‌ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Continue Reading

india

ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്‍

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

Published

on

ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.

Continue Reading

Trending