kerala

‘ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്തു’; പൊലീസില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍

By webdesk17

January 22, 2026

കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ പ്രതി ഷിംജിത മുസ്തഫയുടെ പേരില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍. പയ്യന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. ഇന്ന് ഇ-മെയില്‍ വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്.

അതേസമയം, കേസില്‍ പ്രതിയായ ഷിംജിതയുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ബസ്സിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്ന് കണ്ടെത്തി. മരിച്ച ദീപക്കിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഷിംജിത ബിരുദാനന്തര ബിരുദധാരിയാണെന്നതിനാല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നു.

ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. പൊതുജനങ്ങള്‍ വളരെ ഗൗരവത്തോടെ സമൂഹമാധ്യമങ്ങളെ നോക്കി കാണുന്ന ഈ കാലഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108 ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഡിലീറ്റ് ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടന്നുവരുന്നു. നിലവില്‍ മഞ്ചേരി വനിതാ ജയിലില്‍ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നീക്കം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കം ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പൊലീസ് പരിശോധിക്കും.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. യുവതിക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.