ന്യൂഡല്‍ഹി: പൊതുനിരത്തില്‍ മൂത്രമൊഴിച്ച യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റാസ, സെബു, മുകീം എന്നിവര്‍ അറസ്റ്റിലായി. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് വടികൊണ്ടും കല്ല് കൊണ്ട് ഇവര്‍ സന്ദീപിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിസാര തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വിഷയത്തിന്റെ പേരില്‍ പ്രതികള്‍ സന്ദീപുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. തുടര്‍ന്ന് സന്ദീപും പ്രതികളും തമ്മില്‍ പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.