News

17 ലക്ഷത്തിന്റെ വജ്ര പെന്‍ഡന്റ് വിഴുങ്ങി; ആറുദിവസത്തെ കാത്തിരിപ്പിന് ശേഷം ടാഗ് സഹിതം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു

By webdesk17

December 06, 2025

വെല്ലിങ്ടണ്‍: 17 ലക്ഷത്തിലേറെ വിലവരുന്ന വജ്രം പതിപ്പിച്ച പെന്‍ഡന്റ് വിഴുങ്ങിയ യുവാവില്‍ നിന്ന് ആറുദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ടാഗ് അടക്കം ‘തൊണ്ടിമുതല്‍’ പൊലീസ് വീണ്ടെടുത്തു. ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണിലാണ് സിനിമാനാടകീയമായ ഈ സംഭവം. മുട്ടയുടെ ആകൃതിയിലുള്ള സ്വര്‍ണ ലോക്കറ്റില്‍ 183 വജ്രങ്ങളും രണ്ട് ഇന്ദ്രനീല കല്ലുകളും പതിപ്പിച്ച ഫെബേജ് പെന്‍ഡന്റാണ് യുവാവ് വിഴുങ്ങിയത്. 3.3 ഇഞ്ച് നീളവും 8.4 സെന്റീമീറ്റര്‍ ഭാരവുമുള്ള ഈ പെന്‍ഡന്റിന് 17 ലക്ഷത്തിലേറെ രൂപ വിലവരും.

മാലയും അതിന്റെ വില രേഖപ്പെടുത്തിയ ടാഗും അടക്കമാണ് 32കാരന്‍ വിഴുങ്ങിയത്. 1983ലെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യെ ആസ്പദമാക്കി തയ്യാറാക്കിയ ലിമിറ്റഡ് എഡിഷന്‍ ഫെബേജ് പെന്‍ഡന്റാണ് ഇത്. സ്വര്‍ണത്തില്‍ കൊത്തിയ മുട്ടയുടെ രൂപത്തിലുള്ള ലോക്കറ്റ് തുറക്കുമ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച നീരാളിയുടെ രൂപമാണ് അതിനുള്ളില്‍. ഇത്തരത്തിലുള്ള 50 പെന്‍ഡന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നതാണ് ഇതിന്റെ വില ഇത്ര ഉയരാനുള്ള പ്രധാന കാരണം. റഷ്യയിലെ ഹൗസ് ഓഫ് ഫെബേജാണ് ഈ പെന്‍ഡന്റിന്റെ നിര്‍മ്മാതാക്കള്‍.

19ാം നൂറ്റാണ്ട് മുതല്‍ ഇത്തരം പെന്‍ഡന്റുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ടെങ്കിലും, അകത്ത് സ്വര്‍ണ നീരാളിയുള്ള മോഡല്‍ 1983ന് ശേഷം മാത്രമാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നവംബര്‍ 28ന് ഓക്ലാന്‍ഡിലെ പാട്രിഡ്ജ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. നവംബര്‍ 29ന് യുവാവിനെ മോഷണക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇയാള്‍ സദാസമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ചയാണ് തൊണ്ടിമുതല്‍ പൊലീസിന് വീണ്ടെടുക്കാനായത്. തിങ്കളാഴ്ച ഇയാളെ വീണ്ടും ഓക്ലാന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കും. ഈ സംഭവം ‘തൊണ്ടിമുതല്‍’ എന്ന സിനിമയിലെയും ജെയിംസ് ബോണ്ട് ചിത്രത്തിലെയും രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പൊലീസ് വിലയിരുത്തി.