ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. വടക്കന്‍ മാഞ്ചസ്റ്ററിലെ ബ്ലാക്ലിയില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്. ചാവേര്‍ സ്‌ഫോടനം ന ടത്തിയ സല്‍മാന്‍ അബദിയുടെ (22) പിതാവ് റമദാന്‍, ഇളയ സഹോദരന്‍ ഹാഷിം എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇരുവരും ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നാണ് അറസ്റ്റിലായത്. ഹാഷിം ഭീകരാക്രമണം നടത്താന്‍ ഗൂഡാലേചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ എല്ലാ വിശദാംശങ്ങളും ഹാഷിമിന് അറിവുണ്ടായിരുന്നതായും ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
stream_imgടിവി ചാനല്‍ അഭിമുഖത്തിനിടെയാണ് റമദാന്‍ പിടിയിലായത്. ആക്രമണത്തില്‍ സല്‍മാന്റെ പങ്ക് റമദാന്‍ നിഷേധിച്ചു. നിരപരാധികളായ ആളുകളെ കൊല്ലുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ല. ഇത് ചെയ്തത് തങ്ങളല്ലെന്നും റമദാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച തെക്കന്‍ മാഞ്ചസ്റ്ററിലെ കൊയ്ര്‍ട്ടനില്‍നിന്നും മൂത്ത സഹോദരന്‍ ഇസ്മയില്‍ അബദി അറസ്റ്റിലായിരുന്നു.
സല്‍മാന്‍ അബദി ഒറ്റയ്ക്കാണ് തിങ്കളാഴ്ച രാത്രി ചാവേര്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നില്ലെന്നും ഇയാള്‍ക്ക് കൂട്ടാളികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആംബര്‍ റഡ് പറഞ്ഞു. അബദിയെക്കുറിച്ചു നേരത്തെ പൊലീസിന് അറിവുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മാഞ്ചസ്റ്ററില്‍ ലിബിയന്‍ വംശജരായ മാതാപിതാക്കളുടെ മകനായി 1994ലാണ് അബദി ജനിച്ചത്. അബദി അടുത്തയിടെയാണ് ലിബിയയില്‍നിന്നു ബ്രിട്ടനില്‍ മടങ്ങിയെത്തിയത്. നിരവധി കൗമാരക്കാരും കുട്ടികളും പങ്കെടുത്ത മാഞ്ചസ്റ്റര്‍ അരീനയിലെ സംഗീതനിശയുടെ സമാപനത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെടുകയും 64 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗായിക അരിയാന ഗ്രാന്‍ഡെയ്ക്കു കുഴപ്പമില്ല.