ബംഗളൂരു: ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (RCB) വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീം സ്വന്തമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡ് (ഡീയാജിയോ ഗ്രൂപ്പ്) ആണ് ആര്‍.സി.ബിയുടെ പുരുഷ-വനിത ടീമുകളുടെ ഉടമസ്ഥര്‍. ടീമിന്റെ വില്‍പനാ സാധ്യതകള്‍ വിലയിരുത്തുന്നതിനായി ബംഗളൂരു ആസ്ഥാനമായ കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ടെന്നും, വിവിധ കമ്പനികളില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പൂനാവാല ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, എസ്.ഡബ്ല്യു ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും ആര്‍.സി.ബി വാങ്ങാനുള്ള മത്സരത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം, ജയ്പൂര്‍ ആസ്ഥാനമായ രാജസ്ഥാന്‍ റോയല്‍സിനെയും സ്വന്തമാക്കുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹഉടമകള്‍ക്ക് താല്‍പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
എന്നാല്‍ ഐ.പി.എല്ലിന്റെ 19-ാം എഡിഷന്‍ അവസാനിക്കുന്നതുവരെ ആര്‍.സി.ബിയുടെ ഉടമസ്ഥതയില്‍ മാറ്റം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. നേരത്തെ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആര്‍.സി.ബി വനിത ടീം വനിത ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷ ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയതും ബംഗളൂരുവാണ്. ഇനി വരുന്ന സീസണില്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.