മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ സന്തേകട്ടെ പ്രദേശത്തെ ഹെരാജെ കോംപ്ലക്‌സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എ.എഫ് ക്രിയേറ്റീവ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറില്‍ ശനിയാഴ്ച വന്‍ തീപിടിത്തമുണ്ടായി. ഹീലിയം വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ തീയില്‍ കത്തിനശിച്ചു.
മുഹമ്മദ് സിലിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വരാനിരിക്കുന്ന ഒരു പരിപാടിക്കായി രണ്ട് ജീവനക്കാര്‍ ബലൂണുകളില്‍ ഹീലിയം നിറയ്ക്കുന്നതിനിടെ ഗ്യാസ് ചോര്‍ച്ച ഉണ്ടായതോടെയാണ് തീ പടര്‍ന്നത്. മിനിറ്റുകള്‍ക്കകം കടയിലുടനീളം തീ വ്യാപിക്കുകയും മുഴുവന്‍ വസ്തുക്കളും നശിക്കുകയും ചെയ്തു. ജീവനക്കാര്‍ ഉടന്‍ പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിവരം ലഭിച്ച ഉടന്‍ നാട്ടുകാരും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കടുത്ത ചൂടും പുകയും സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ വരുത്തി.
സംഭവം കാണാന്‍ എത്തിയ വലിയ ജനക്കൂട്ടം പ്രധാന റോഡില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. ബെല്‍ത്തങ്ങാടി ലോക്കല്‍ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. ബഹളത്തിനിടെ കടയിലെ ഒരു ജീവനക്കാരി കുഴഞ്ഞുവീണു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.