മംഗളുരു: ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാംഗളൂരില്‍ നടത്തിയ ബൈക്ക് റാലിക്കെതിരെ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. യുവമോര്‍ച്ച സംഘടിപ്പിച്ച മാംഗളുരു ചലോ ബൈക്ക് റാലി തടഞ്ഞ കര്‍ണാടക പൊലീസ് മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂയൂരപ്പയടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തു.

പൊലീസ് അനുമതി നിഷേധിച്ച് നഗരത്തില്‍ മോട്ടോര്‍ ബൈക്ക് റാലി നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ബിജെപി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനത്തിന് നെഹ്റു മൈതാനത്ത് 11നും രണ്ടിനും ഇടയിലായാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. മോട്ടോര്‍ ബൈക്ക് റാലിക്ക് അനുമതി നല്‍കിയിരുന്നുമില്ല.

എന്നാല്‍ പ്രതിഷേധ റാലി ഉദ്ഘാടന പ്രസംഗത്തെ തുടര്‍ന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ മോട്ടോര്‍ ബൈക്ക് റാലി നടത്തുകയായിരുന്നു.
മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അടക്കം നിരവധി ബി.െജ.പി നേതാക്കളെ പൊലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. ബൈക്ക് റാലിയിലേക്ക് പങ്കെടുക്കാനായി എത്തിയതായിരുന്നു ബി.ജെ.പി നേതാക്കള്‍.

കര്‍ണാടകയില്‍
ഹിന്ദുക്കള്‍ക്കെതിരായ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചത്. ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബി.ജെ.പിയിലും പോഷകസംഘടനകളിലുമായി 12 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

റാലിയെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ മുന്നില്‍കണ്ട് വന്‍ പൊലീസ് കാവലാണ് കര്‍ണാടക സര്‍ക്കാര്‍ മംഗളൂരുവില്‍ വിന്യസിച്ചത്. റാലി നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ബൈക്കുകള്‍ നിരത്തി ഗതാഗതം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയുടേത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും സിദ്ധരാമയ്യ പറഞ്ഞു.