കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി താമസിയാതെ ബി.ജെ.പി മുന്നണിയിലേക്ക് പോകുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മാണി ബി ജെ പി പാളയത്തിലെത്തുന്നതോടെ ആ പാര്‍ട്ടി പിളരും. പി ജെ ജോസഫ് പാര്‍ട്ടിവിട്ട് പുറത്തേക്ക് പോകുമെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരാള്‍ എന്ത് ‘ഭക്ഷണം കഴിക്കണമെന്ന് നിര്‍ദേശിക്കാന്‍ ഒരു സര്‍ക്കാറിനും ഭരണഘടന അനുവാദം നല്‍കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം നീചതയുടെ ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഭയപ്പെടുത്തുന്ന ‘ഭരണമാണ് രാജ്യത്തുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളം സ്വീകരിക്കുന്ന മാര്‍ഗമാണ് രാജ്യത്ത് മുഴുവന്‍ ഉണ്ടാകേണ്ടതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി വി നവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പോള്‍ ജോസഫ്, നജീം പാലക്കണ്ടി, സി വേണുഗോപാല്‍ നായര്‍, സാബിറ പ്രസംഗിച്ചു. ലത്വീഫ് കുറുങ്ങോട്ട് സ്വാഗതവും സത്യേന്ദ്രന്‍ എടക്കൊടി നന്ദിയും പറഞ്ഞു.