india

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; വീണ്ടും വെടിവെപ്പ്, നാല് പേര്‍ കൊല്ലപ്പെട്ടു

By webdesk13

January 11, 2024

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്‌തേയ് സംഘടനയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. അതിനിടെ, ബിഷ്ണുപൂരില്‍ നാലുപേരെ കാണാതായി.

ഇന്നലെ രാത്രിയും ഇന്നു രാവിലെയും മണിപ്പൂരില്‍ വിവിധയിടങ്ങളില്‍ വെടിവയ്പുണ്ടായി. അതിര്‍ത്തി ജില്ലകളായ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ചുരാചന്ദ്പൂരില്‍ കുക്കി ഗ്രൂപ്പുകളും തീവ്ര മെയ്‌തേയ് സംഘടനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 പേര്‍ കൊല്ലപ്പെട്ടു. മെയ്‌തേയ് സമുദായത്തില്‍പ്പെട്ടവരാണ് മരിച്ചത്.

പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മേഖലയില്‍ കൂടുതല്‍ സൈനിക വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. ബിഷ്ണുപൂരില്‍ മലനിരകള്‍ക്കു സമീപം വിറക് ശേഖരിക്കാന്‍ പോയ അച്ഛനും മകനുമടക്കം നാലു പേരെ കാണാതായി.മെയ്‌തേയ് സമുദായത്തില്‍പ്പെട്ട എ ദാരാ സിംഗ്, ഒ റോമന്‍, ടി ഇബോംച, മകന്‍ ടി ആനന്ദ് എന്നിവരെ ഇന്നലെ മുതല്‍ കാണാതായതായി വാംഗൂ ഗ്രാമവാസികള്‍ പറഞ്ഞു.

ആയുധധാരികളായ കുക്കി വിഭാഗമാണ് ഇവരെ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തതെന്നാണ് നിഗമനം. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെ ലീമാഖോങ് പവര്‍ സ്റ്റേഷനില്‍ വന്‍ ഇന്ധന ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഫാല്‍ താഴ്വരയിലൂടെ കടന്നുപോകുന്ന അരുവികളിലേക്കാണ് ഇന്ധനം ഒഴുകിയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചോര്‍ച്ചയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.