പനാജി: ഗോവയില്‍ ബി.ജെ.പിയില്‍ പോരിനിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട്. പരീക്കര്‍ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലേക്ക് എത്തുകയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പാന്‍ക്രിയാറ്റിക് രോഗത്തിന് വിദേശത്തെ ചികിത്സക്കുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു പരീക്കര്‍. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ പരീക്കറുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണെന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഡല്‍ഹിയിലെ ചികിത്സക്കുശേഷം സ്വകാര്യവസതിയില്‍ വിശ്രമത്തിലാണ് പരീക്കര്‍. നേരത്തെ, മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നുവരുന്നിരുന്നു. പരീക്കറെ മാറ്റണമെന്ന് കേന്ദ്രമന്ത്രിയാണ് ആവശ്യപ്പെട്ടത്. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി നല്ല നിലയിലല്ല. സംസ്ഥാനത്ത് ഇന്നല്ലെങ്കില്‍ നാളെ പുതിയ നേതാവിനെ കണ്ടെത്തിയേ മതിയാകൂ എന്ന് ശ്രീപദ് നായിക് പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ പോര് വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡൂല്‍ക്കറെ മാറ്റണമെന്നായിരുന്നു ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ ആവശ്യം.

സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്നാണ് പര്‍സേക്കറുടെ വാദം. സ്വന്തം നിലക്ക് രാജിക്ക് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം തയാറാവണമെന്ന് പര്‍സേക്കര്‍ അഭിപ്രായപ്പെട്ടു. തനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ വിരോധമില്ലെന്നും പാര്‍ട്ടി താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.