കണ്ണൂര്‍: സംസ്ഥാനത്ത് പോളിങ് ബൂത്തുകള്‍ക്ക് ‘മാവോവാദി ഭീഷണി’. മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി. കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷയും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇതില്‍ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ ഇടതു തീവ്രവാദബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയില്‍നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്സല്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് പട്ടികയില്‍ കണ്ണൂരിനെയും വയനാടിനെയും നിലനിര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. 2024 മാര്‍ച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍-വയനാട് അതിര്‍ത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സജീവമായിരുന്ന മാവോവാദികള്‍ അവസാനം കണ്ണൂര്‍, വയനാട് ജില്ലാ അതിര്‍ത്തിയാണ് താവളമാക്കിയിരുന്നത്.