പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നിസ് താരം ഷറപ്പോവയെ മലയാളികള്‍ കയറി പൊങ്കാലയിട്ട സംഭവം മറന്നിട്ടുണ്ടാവില്ല. അന്നത്തെ ആ സംഭവത്തിന് ഇപ്പോള്‍ മാപ്പ് പറഞ്ഞ് ഇപ്പോള്‍ വീണ്ടും മലയാളികള്‍ ഷറപ്പോവയുടെ ഫെയ്‌സ്ബുക് പ്രൊഫൈലില്‍ ചെന്ന് മാപ്പ് പറയുകയാണ്. കര്‍ഷക സമരത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് സച്ചിന്‍ ട്വീറ്റ് ഇട്ടതിന് പിന്നാലെയാണ് ഷറപ്പോവയെ തേടി മലയാളികള്‍ വീണ്ടുമെത്തിയത്.

കര്‍ഷക സമരത്തില്‍ പോപ്പ് ഗായിക റിഹാനയടക്കം പിന്തുണ അറിയിച്ച് രംഗത്തെത്തിയതിനു പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം അ തിനെ എതിര്‍ത്ത് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന് താഴെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവം ട്രോളന്മാരും ഏറ്റെടുത്തതോടെ സച്ചിനെതിരായ ട്രോളുകളും നവമാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇതിനിടെയാണ് മലയാളികള്‍ പണ്ട് ഉണ്ടായ ഒരു സംഭവം ഓര്‍ത്തെടുത്തതും മാപ്പ് പറച്ചിലുമായി രംഗത്തെത്തിയതും.

2014ലെ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ചാണ് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്. പിന്നാലെ ഷറപ്പോവയുടെ പ്രൊഫൈല്‍ ടാര്‍ജറ്റ് ചെയ്ത് മല്ലൂസ് കയറി ഇറങ്ങുകയായിരുന്നു.