ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്‌സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.
ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.
ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.
ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം