കണ്ണൂർ: പയ്യന്നൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതായി കോൺഗ്രസ് ആരോപണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച പ്രകടനത്തിലേക്കാണ് സിപിഎം പ്രവർത്തകർ കടന്നുകയറി ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനം പയ്യന്നൂരിലെത്തിയതോടെ പ്രദേശത്ത് തമ്പടിച്ച സിപിഎം പ്രവർത്തകർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് കയറുകയും അക്രമം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു. ഏകദേശം മുപ്പതോളം സിപിഎം പ്രവർത്തകരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റിനും കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ടായിരിക്കെയാണ് ആക്രമണം നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകളിൽ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും, 2016 ജൂലൈ 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിന്റെ ചെലവിലും വരവിലും കൃത്രിമം നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ അടുത്തിടെ ഉന്നയിച്ചത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎൽഎയ്‌ക്കെതിരായ പ്രതിഷേധം ശക്തമായത്.