kerala

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

By webdesk13

February 07, 2024

മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ. ഡി നോട്ടീസ്. ചൊവ്വാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഇ.ഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡി നടപടി. ഹൈക്കോടതി ഇടപെടലിനു ശേഷം 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുന്‍പില്‍ ഹാജരായിരുന്നില്ല.

ഇ.ഡി അയച്ച സമന്‍സ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹരജി നല്‍കിയത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമന്‍സ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇ.ഡി സമന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.