kerala

മാസപ്പടി കേസ്: മുഖ്യമന്ത്രി പ്രതിപക്ഷത്തിനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല: വി.ഡി സതീശന്‍

By webdesk14

April 10, 2025

മകള്‍ക്കെതിരായ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നല്‍കാതെ ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് വന്നു എന്നുള്ളതാണ്.

സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായി ആരോപണമുണ്ടാകും, ആക്ഷേപങ്ങളുണ്ടാകും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങള്‍ക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിനെ നിയമപരമായി നേരിട്ടോട്ടെ. അതില്‍ ഞങ്ങള്‍ക്കൊരു വിരോധവുമില്ല. പക്ഷേ മറ്റു കേസുകള്‍ പോലെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ ഞങ്ങള്‍ തയാറല്ല – വി ഡി സതീശന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. 60 ദിവസമായി നടക്കുന്ന സമരമാണ്. അത് സംബന്ധിച്ച് അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. ആശമാര്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചില്ല എന്ന് പറഞ്ഞത് തെറ്റാണ്. 2019ല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അത് പോര. നമ്മുടെ എംപിമാര്‍ അടക്കമുള്ള ആളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് ര്‍ധിപ്പിക്കണമെന്ന് ശക്തമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഇടപെടണം – അദ്ദേഹം വ്യക്തമാക്കി.