ന്യൂയോര്‍ക്ക്: ഇസ്രാഈലിന്റെ ബുദ്ധിശൂന്യവും വിനാശകരവുമായ അജണ്ടയില്‍നിന്ന് ഫലസ്തീനികളെയും അവരുടെ പുണ്യകേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
മസ്ജിദുല്‍ അഖ്‌സ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയിലെ ചരിത്രപരമായ തല്‍സ്ഥിതി ലംഘിക്കുന്നത് പ്രകോപനപരമാണെന്നും ഇസ്രാഈലിന്റെ കടന്നാക്രമണ സ്വഭാവത്തെയാണ് അത് വ്യക്തമാക്കുന്നതെന്നും മന്‍സൂര്‍ കുറ്റപ്പെടുത്തി.
അഞ്ച് ഫലസ്തീനികളുടെ മരണത്തില്‍ കലാശിച്ച പ്രക്ഷോഭത്തിനൊടുവില്‍ മസ്ജിദുല്‍ അഖ്‌സയിലെ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രാഈല്‍ നീക്കം ചെയ്തിരുന്നു.
എന്നാല്‍ അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ നിയന്ത്രണം തുടരുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 14നുമുമ്പുള്ള സ്ഥിതിയില്‍ മസ്ജിദുല്‍ അഖ്‌സ വിട്ടുകിട്ടാതെ ബഹിഷ്‌കരണവും പ്രക്ഷോഭവും അവസാനിപ്പിക്കില്ലെന്നാണ് ഫലസ്തീന്‍ നേതാക്കളുടെയും നിലപാട്.