News

കാലിഫോര്‍ണിയയില്‍ കൂട്ടവെടിവെപ്പ്: പിറന്നാളാഘോഷത്തിനിടെ 4 പേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്

By webdesk18

November 30, 2025

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സ്റ്റോക്ക്ടണില്‍ നടന്ന ഭീകര കൂട്ടവെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുഞ്ഞിന്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്ന ബാങ്ക്വറ്റ് ഹാളിലാണ് സംഭവം നടന്നത്. ആക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. മരിച്ചവരില്‍ കുട്ടികളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമി ഹാളില്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു. മറ്റു ബിസിനസ് സ്ഥാപനങ്ങളുമായി പാര്‍ക്കിംഗ് പങ്കിടുന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നത്. ആക്രമണത്തിന്റെ പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെ സ്റ്റോക്ക്ടണ്‍ വൈസ് മേയര്‍ ജേസണ്‍ ലീ ശക്തമായി അപലപിച്ചു. പിറന്നാളാഘോഷത്തിനിടെ നടന്ന ഈ ദാരുണസംഭവം സമൂഹത്തെ നടുക്കുന്നുവെന്നും സംഭവത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.