പാലക്കാട്: പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വ്യാപകമായ ഭരണനടപടി. കൈക്കൂലി ആരോപണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായതിനെ തുടര്‍ന്ന് വകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കി. ഇവരില്‍ അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാര്‍ (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് പുതുശ്ശേരി സ്വദേശിയുമായ സുമന്‍ (55) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പില്‍ കൂട്ട സ്ഥലംമാറ്റ നടപടി ഉണ്ടായത്.
പാലക്കാട് ജില്ലയില്‍ അഞ്ച് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലായി 20 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഒരാള്‍ ഫെബ്രുവരി 28 ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഇറങ്ങിയ ഉത്തരവിലാണ് ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയത്.
സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പകരമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് 15 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പുതിയതായി നിയമിതരായവര്‍ അടിയന്തരമായി ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും ഒരുമിച്ച് സ്ഥലംമാറ്റിയ നടപടി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥര്‍ പോലും നടപടിക്ക് വിധേയരായെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഒരു ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും ഒരുമിച്ച് മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം ബാധിക്കുന്നതാണെന്നും ഇവര്‍ പറയുന്നു.
സ്‌ക്രാപ്പ് കൊണ്ടുപോകുന്ന രണ്ട് ചരക്ക് വാഹനങ്ങള്‍ക്കെതിരെ നിയമനടപടികളും പിഴയും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സുമന് എതിരെ വിജിലന്‍സ് നടപടി ഉണ്ടായത്. ആദ്യം നാല് ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് തുക 3.5 ലക്ഷമായി കുറച്ചു. പണം കൈപ്പറ്റുന്നതിനിടെ ലോറി ജീവനക്കാരായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സുമനെ പിടികൂടിയത്.