നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസും സിയാൽ സുരക്ഷാ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. മാരക രാസലഹരിയായ മെത്താക്യുലോൺ നാല് കിലോ പിടികൂടി. സംഭവത്തിൽ ടോഗോ സ്വദേശിനിയും 44 വയസ്സുകാരിയുമായ ലത്തിഫാറ്റു ഔറോയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലൂടെയാണ് വിദേശ വനിത ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ആഭ്യന്തര ടെർമിനലിൽ വിമാനം കാത്തുനിന്ന പ്രതിയുടെ ബാഗിൽ സംശയം തോന്നിയതിനെ തുടർന്ന് സിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
തുടർന്ന് കസ്റ്റംസിനെ വിവരം അറിയിക്കുകയും വിശദമായ ദേഹപരിശോധന ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. രണ്ട് കിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലായാണ് മെത്താക്യുലോൺ സൂക്ഷിച്ചിരുന്നത്.
ഡൽഹിയിലെത്തിച്ച് ലഹരിമരുന്ന് വിൽപ്പന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. മുമ്പും ഇതേ മാർഗം ഉപയോഗിച്ച് ലഹരിമരുന്ന് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.