crime

കണ്ണൂരിൽ വൻ ലഹരിവേട്ട; എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാംപ്, വീടു വളഞ്ഞ് 2 യുവാക്കളെ പിടികൂടി

By webdesk14

March 07, 2025

കണ്ണൂർ: നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി നടന്ന പരിശോധനയിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളിൽ നിന്ന് പിടികൂടി. എക്സൈസിന്റെ സ്പെഷ്യൽ സ്ക്വോഡ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. പിന്നാലെ പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവാക്കളെ സംഘടിച്ചെത്തിയ നാട്ടുകാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ എക്സൈസുകാർക്ക് ഇവിടെ നിന്ന് കൊണ്ടുപോകാൻ സാധിച്ചത്.

കഴിഞ്ഞ കുറേക്കാലമായി പ്രതികൾ വാടക വീടെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി പ്രദേശവാസികൾക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകൾ.