കൊച്ചി: കൊച്ചി നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിവേട്ട. ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയിന്‍, മെത്താഫിറ്റമിന്‍, എക്സ്റ്റസി പില്‍ എന്നിവയുമായി ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്‌മെന്റ് ഉടമയും ഉള്‍പ്പെടെ എട്ട് പേരെ പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. തിരുവനന്തപുരം ശംഖമുഖം സ്വദേശി ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ്, അഭിഭാഷകന്‍ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനിസ്റ്റ് അക്ബര്‍ ഷാ, ദന്തഡോക്ടര്‍ ബെന്‍സി റാവൂത്തര്‍, ഫിസിയോ തെറപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, ഏവിയേഷന്‍ വിദ്യാര്‍ത്ഥി അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്ന് 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയിന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവ പിടിച്ചെടുത്തു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷോണ്‍ എന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍.
കടവന്ത്ര എസ്എച്ച്ഒ ആര്‍. ബിജു, എസ്ഐ പി.ആര്‍. രാജീവ്, എഎസ്‌ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.