Background for a hot summer or heat wave, orange sky with with bright sun and thermometer

kerala

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

By webdesk14

April 23, 2026

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസഹനീയമായ നിലയിലേക്ക് ഉയർന്നതോടെ പൊതുജനങ്ങൾക്കായി സർക്കാർ പ്രത്യേക ആരോഗ്യ മാർഗരേഖ പുറത്തിറക്കി. അന്തരീക്ഷത്തിലെ ഈർപ്പം (Humidity) കൂടുതലായതിനാൽ രേഖപ്പെടുത്തിയതിനേക്കാൾ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ ‘സെൽഫ് ലോക്ക്ഡൗൺ’ മാതൃകയിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പകൽ 11 മുതൽ 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’

സൂര്യപ്രകാശം ഏറ്റവും ശക്തമാകുന്ന പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. അനാവശ്യ യാത്രകൾ മാറ്റിവെക്കണമെന്നും വീടിനുള്ളിലും ജോലിസ്ഥലത്തും കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ഭക്ഷണത്തിലും വസ്ത്രത്തിലും ശ്രദ്ധ വേണം

ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക. മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ഒഴിവാക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ പുറത്തിറങ്ങുമ്പോൾ നിർബന്ധമാക്കുക.

നിയന്ത്രണങ്ങളും തൊഴിൽ ക്രമീകരണവും

തൊഴിൽ വകുപ്പ് നിർദ്ദേശിച്ചതനുസരിച്ച് പകൽ സമയത്തെ പുറംപണികൾക്ക് കർശന നിയന്ത്രണമുണ്ട്. തൊഴിലുറപ്പ് ജോലികൾ 11 മണിക്ക് ശേഷം പൂർണ്ണമായും നിർത്തിവെക്കണം. ട്രാഫിക് പോലീസുകാർക്ക് യൂണിഫോമിൽ ഇളവ് അനുവദിച്ചു.

പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ കലാകായിക പരിപാടികളോ പൊതുയോഗങ്ങളോ പാടില്ല. ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ്, പകൽപ്പൂരങ്ങൾ എന്നിവയ്ക്ക് സമയക്രമീകരണം ഏർപ്പെടുത്തണം.

പ്രത്യേക പരിഗണന നൽകേണ്ടവർ

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ പകൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കാൻ തദ്ദേശവാസികൾ ശ്രദ്ധിക്കണം.