crime

മലപ്പുറത്ത് വൻ ലഹരിവേട്ട; 36.74 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

By webdesk14

February 04, 2024

മലപ്പുറം: ചെറുകാവിൽ കൊണ്ടോട്ടി പോലീസിന്റെ വൻ ലഹരിവേട്ട. രണ്ടുലക്ഷം രൂപയുടെ 36.74 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫ(32)യെ പിടികൂടി. വിതരണം നടത്താൻ എം.ഡി.എം.എ.യുമായി എത്തിയ മുഹമ്മദ് മുസ്‌തഫയെ ചെറുകാവിലെ സിയാംകണ്ടം വില്ലേജ് ഓഫീസിനു സമീപം വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

കൊണ്ടോട്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ഇയാളെ പിടികൂടാനായി. ബെംഗളൂരുവിൽനിന്നു കൊണ്ടുവന്നതായിരുന്നു ലഹരിവസ്തു. വിതരണസംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് മുസ്‌തഫയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ലഹരിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുകയാണ്. കൊണ്ടോട്ടി,പുളിക്കൽ, ചെറുകാവ് എന്നിവിടങ്ങളിൽ മാരകമായ ലഹരിവസ്‌തുക്കൾ വിൽപ്പന നടത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.