india

ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു

By webdesk17

October 06, 2025

രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചതായി തിങ്കളാഴ്ച പുലര്‍ച്ചെ അധികൃതര്‍ അറിയിച്ചു.

ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനാല്‍ തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്‍ ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.

തീ പടര്‍ന്ന് പിടിച്ച ട്രോമ ഐസിയുവില്‍ 11 രോഗികളുണ്ടായിരുന്നുവെന്ന് ഡോ.ധക്കാദ് പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഭൂരിഭാഗവും അബോധാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ ട്രോമ സെന്ററിന് രണ്ടാം നിലയില്‍ രണ്ട് ഐസിയുകളുണ്ട്: ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. ഞങ്ങള്‍ക്ക് അവിടെ 24 രോഗികളുണ്ടായിരുന്നു; 11 ട്രോമ ഐസിയുവിലും 13 പേര്‍ സെമി ഐസിയുവിലും. ട്രോമ ഐസിയുവില്‍ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി, തീ അതിവേഗം പടര്‍ന്ന് വിഷവാതകങ്ങള്‍ പുറപ്പെടുവിച്ചു,’ അദ്ദേഹം പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഭൂരിഭാഗവും അബോധാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെന്റര്‍ ടീമും നഴ്സിംഗ് ഓഫീസര്‍മാരും വാര്‍ഡ് ബോയ്സും ചേര്‍ന്ന് ഉടന്‍ തന്നെ അവരെ ട്രോളികളില്‍ കയറ്റി രക്ഷപെടുത്തി ICU വില്‍ നിന്ന് കഴിയുന്നത്ര രോഗികളെ കൊണ്ടുവന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവരില്‍ ആറ് രോഗികളും വളരെ ഗുരുതരമാണ്; CPR ഉപയോഗിച്ച് അവരെ പുനരുജ്ജീവിപ്പിക്കാന്‍ ഞങ്ങള്‍ വളരെ ശ്രമിച്ചു, പക്ഷേ അവരെ രക്ഷിക്കാനായില്ല,’ ആശുപത്രി അധികൃതര്‍ പറഞ്ഞു.

അഞ്ച് രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിച്ചവരില്‍ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ്.