kerala

വെര്‍ച്വല്‍ അറസ്റ്റിലൂടെ വന്‍ തട്ടിപ്പ്; തൃശൂര്‍ സ്വദേശിയുടെ ഒന്നര കോടി കവര്‍ന്ന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ

By webdesk18

December 23, 2025

തിരുവനന്തപുരം: തൃശൂര്‍ സ്വദേശിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.

തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിലാണ് സംഘം തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ചത് തൃശൂര്‍ സൈബര്‍ പൊലീസായിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് പണം പല അക്കൗണ്ടുകള്‍ വഴി വിവിധ സ്ഥലങ്ങളിലേക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. യഥാര്‍ത്ഥ പ്രതികളിലേക്കും തട്ടിപ്പിന് പിന്നിലെ ശൃംഖലയിലേക്കും എത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് സിബിഐ അറിയിച്ചു.