Connect with us

Culture

വെറും ജയമല്ല; ബ്രസീലിന്റേത് കപ്പിന്മേലുള്ള അവകാശവാദം

Published

on

മുഹമ്മദ് ഷാഫി

ബ്രസീല്‍ 2 – മെക്‌സിക്കോ 0

#BRAMEX

കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്‍ ഉള്ളവര്‍ സാധാരണക്കാരെ അതിജയിക്കും. മെക്‌സിക്കോ ഒരു സാധാരണ ഫുട്‌ബോള്‍ ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്‍, ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ വിജയത്തില്‍ ഈ ആനുകൂല്യം മാത്രമല്ല പ്രവര്‍ത്തിച്ചത്; യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ചിന്തയും പ്രവൃത്തിയും കൂടിയാണ്. മികച്ച കളിക്കാരുള്ള ജര്‍മനിയും സ്‌പെയിനുമെല്ലാം മുടന്തിവീണ ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തിലും ബ്രസീല്‍ എങ്ങനെ കളിക്കുന്നു എന്നത് ഫുട്‌ബോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാണ്. സത്യത്തില്‍ ഇന്നത്തെ കളി പൊതുവില്‍ – അധികവും രണ്ടാം പകുതിയില്‍ – വരണ്ടതായാണ് എനിക്കനുഭവപ്പെട്ടത്. പക്ഷേ, കളി കാണുന്നവരില്‍ മതിപ്പുണ്ടാക്കുന്ന വിധമുള്ള സമഗ്രത ബ്രസീല്‍ പുലര്‍ത്തുകയും അര്‍ഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.

സെര്‍ബിയക്കെതിരെ കളിച്ച ടീമിലും ഫോര്‍മേഷനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ലെങ്കിലും ബ്രസീല്‍ കോച്ച് ടിറ്റേ, എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തന്റെ ടീമിന്റെ കേളീശൈലിയുടെ അലകും പിടിയുമെല്ലാം ഒന്നഴിച്ചു പണിഞ്ഞതായി തോന്നി. ടൂര്‍ണമെന്റിലാദ്യമായി മെക്‌സിക്കോ കോച്ച് ഒസോറിയോ 4-3-3 ഫോര്‍മേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മെക്‌സിക്കോ മുച്ചൂടും ആക്രമിക്കുന്ന ഒരു മത്സരമാണ് ഞാന്‍ സ്വപ്‌നം കണ്ടത്.. 39 വയസ്സുള്ള റാഫേല്‍ മാര്‍ക്വേസ് – അതും മിഡ്ഫീല്‍ഡറായി – കളി തുടങ്ങിയതായിരുന്നു മെക്‌സിക്കന്‍ കേളീതന്ത്രത്തിലെ കൗതുകകരമായ കാര്യം. എന്നാല്‍, ഏതാണ്ട് കളിയൊന്ന് സെറ്റായപ്പോള്‍ തന്നെ ഒരുകാര്യം വ്യക്തമായി: സ്വന്തം ടീമിന്റെയല്ല, ബ്രസീലിന്റെ കരുത്ത് ഗണിച്ചാണ് ഒസോറിയോ ഇന്ന് കളിയൊരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ പിഴവുകളിലേക്കാണ് അവരുടെ നോട്ടം. മെക്‌സിക്കോയുടെ ഇതുവരെയുള്ള മത്സരങ്ങള്‍ മുഴുവന്‍ കുത്തിയിരുന്ന് കണ്ടിട്ടുണ്ടെന്ന പോലെയായിരുന്നു ടിറ്റേ അതിനു കരുതിയിരുന്ന മറുമരുന്ന്. അതു വിജയിക്കാതിരിക്കാന്‍ തരമില്ലായിരുന്നു.

ഏതു നിമിഷവും അപകടം സൃഷ്ടിച്ചേക്കാവുന്ന നെയ്മറിനെ തളക്കുക എന്നതായിരുന്നു മാര്‍ക്വേസില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം. ആദ്യപകുതിയില്‍ അതദ്ദേഹം ഏറെക്കുറെ ഭംഗിയായി നിറവേറ്റി. നെയ്മര്‍ സ്വതന്ത്രനല്ലെന്നു വന്നതോടെ നേരെ എതിര്‍ദിശയില്‍ വില്ല്യനില്‍ ബ്രസീലിന്റെ നീക്കങ്ങള്‍ കേന്ദ്രീകരിച്ചു. എതിരാളികളെ കരുത്തുകൊണ്ടും വേഗത കൊണ്ടും പിന്നിലാക്കാന്‍ കഴിവുള്ള വില്ല്യന്‍ കുറ്റമറ്റ രീതിയിലാണ് കളിച്ചത്. പന്തുമായി മുന്നോട്ടു കയറാന്‍ മാത്രമല്ല, പിന്നിലേക്കിറങ്ങി റിക്കവര്‍ ചെയ്യാനും അയാള്‍ സമര്‍ത്ഥനായിരുന്നു. പൗളിഞ്ഞോ വില്ല്യനുമായി നന്നായി കണക്ട് ചെയ്തു.

മുന്നില്‍ ഒറ്റക്കു നില്‍ക്കുന്ന ഗബ്രിയേല്‍ ജീസസിനെ മെക്‌സിക്കന്‍ ഡിഫന്‍സ് തടവിലാക്കിയിരുന്നതിനാല്‍ ആദ്യപകുതിയില്‍ തുറന്ന ഗോളവസരങ്ങളൊന്നും വന്നില്ല. ആദ്യഘട്ടങ്ങളില്‍ ബോക്‌സിലെ മതില്‍ക്കെട്ടിനകത്തേക്ക് നുഴഞ്ഞു കയറുന്നതിനു പകരം പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കാനാണ് ബ്രസീല്‍ കളിക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്ന് തോന്നി. അരമണിക്കൂറിനോടടുക്കവെ നെയ്മര്‍ പൊസിഷന്‍ മാറി മധ്യത്തിലേക്കു കയറുകയും ബ്രസീല്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തപ്പോള്‍ മെക്‌സിക്കന്‍ ബോക്‌സില്‍ ഭീതിയുടെ നിമിഷങ്ങള്‍ പിറന്നു. പക്ഷേ, ആവശ്യത്തിലധികമാളും കൂടെ ഒച്ചോവയുടെ കൈസഹായവുമുണ്ടായതോടെ പ്രതിസന്ധി മെക്‌സിക്കോ അതിജീവിച്ചു. വില്ല്യനു പുറമെ, മുമ്പത്തെ കളികളിലെയത്ര ‘ടച്ച്’ കിട്ടാത്ത കുട്ടിന്യോയും ചില ലോങ് റേഞ്ച് ശ്രമങ്ങള്‍ നടത്തി.

ആദ്യപകുതിയില്‍ ആരും ഗോളടിക്കേണ്ടതില്ലെന്നായിരുന്നു മെക്‌സിക്കോയുടെ തീരുമാനമെന്ന് തോന്നി. എങ്കിലും, സ്വന്തം ബോക്‌സ് മാത്രം പ്രതിരോധിച്ചു കൊണ്ടുള്ള പൂര്‍ണമായ ബാക്ക്ഫുട്ട് ഡിഫന്‍സിന് അവര്‍ മുതിര്‍ന്നില്ല. മിഡ്ഫീല്‍ഡര്‍മാര്‍ കയറിക്കളിച്ചപ്പോള്‍ കളി സ്വന്തം ഹാഫിലാണെങ്കിലും കളിയുടെ നിയന്ത്രണം 50:50 ആക്കാന്‍ അവര്‍ക്കായി. റിക്കവര്‍ ചെയ്യുന്ന പന്തുകളില്‍ വേഗത്തില്‍ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ഗെയിംപ്ലാന്‍. എന്നാല്‍ വലതുഭാഗത്ത് കളിച്ച കാര്‍ലോസ് വേല അതിനു ചേര്‍ന്ന കളിക്കാരനായിരുന്നില്ല. ബ്രസീല്‍ ഡിഫന്‍സുകളില്‍ പഴുതുകള്‍ കാണപ്പെട്ട അപൂര്‍വമായ കൗണ്ടര്‍ അറ്റാക്ക് നിമിഷങ്ങളില്‍ അയാളുടെ സെക്കന്റ് ടച്ചുകള്‍ ഡിഫന്റര്‍മാര്‍ക്ക് റീപൊസിഷന്‍ ചെയ്യാനുള്ള അവസരം നല്‍കി. സെന്‍ട്രല്‍ സ്‌ട്രൈക്കറായ ഹെര്‍ണാണ്ടസിനെ കാസമിറോയും പൗളിഞ്ഞോയും ചേര്‍ന്ന് പൂട്ടിയിരുന്നതിനാല്‍ ലൊസാനോ ബോക്‌സിലേക്കു തൊടുത്ത ക്രോസുകളിലൊന്നും കാല്‍വെക്കാന്‍ ആളുമുണ്ടായിരുന്നില്ല. ഗോളടിച്ചേ തീരൂ എന്ന വാശി ബ്രസീലും പുലര്‍ത്താത്തതിനാല്‍ ആദ്യപകുതിയുടെ അവസാന നിമിഷങ്ങള്‍ മന്ദഗതിയിലായി. അപകടകരമാം വിധം അഡ്വാന്‍സ് ചെയ്യാതെയും പൊസിഷന്‍ കൃത്യമായി പാലിച്ചും ബ്രസീല്‍ ഡിഫന്‍സ് ഉറച്ചു നിന്നതോടെ കളിച്ചേ ഗോളടിക്കാനാവൂ എന്ന സ്ഥിതി വന്നു. ഫാഗ്നര്‍ ചെറിയ വീഴ്ചകള്‍ വരുത്തിയെങ്കിലും മിറാന്‍ഡ, സില്‍വ, ഫിലിപ് ലൂയിസ് എന്നിവര്‍ക്ക് നല്ലൊരു മത്സരമായിരുന്നു ഇത്.

പ്രതീക്ഷിച്ചതു പോലെ, ഇടവേള കഴിഞ്ഞെത്തിയതോടെ പന്തിന്റെ നിയന്ത്രണം ബ്രസീല്‍ സ്വന്തമാക്കി. എങ്ങനെയും ഗോളടിക്കണമെന്ന വാശി അവരുടെ നീക്കങ്ങളില്‍ തെളിഞ്ഞുനിന്നു. അഞ്ചുമിനുട്ടിനുള്ളില്‍ ഗോള്‍വരികയും ചെയ്തു. നെയ്മറും വില്ല്യനും ചേര്‍ന്ന് സൃഷ്ടിച്ച മനോഹരമായൊരു കളിയായിരുന്നു അത്. പന്തുമായി ഡി സര്‍ക്കിളിലേക്കു കയറുകയും വലതുവശത്തേക്ക് നീങ്ങുകയും ചെയ്ത നെയ്മര്‍ സ്വാഭാവികമായും മൂന്ന് ഡിഫന്റര്‍മാരെ തന്റെ കൂടെ കൂട്ടി. നെയ്മറിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ വില്ല്യന്‍ നേരെ ബോക്‌സിന്റെ എതിര്‍വശത്തേക്കു ക്ഷണത്തില്‍ നീങ്ങി ബാക്ക്ഹീല്‍ പാസ് പിടിച്ചെടുത്തു. പന്ത് കാലില്‍ കിട്ടുമ്പോള്‍ വില്ല്യനു മുന്നില്‍ ബോക്‌സ് മിക്കവാറും തുറന്നുകിടക്കുകയായിരുന്നു. ശേഷിച്ച ഡിഫന്റര്‍ക്കു പിടികനല്‍കാതെ അയാള്‍ സമര്‍ത്ഥമായി പന്ത് മുന്നിലേക്കു തട്ടി മിന്നല്‍വേഗത്തില്‍ അതിലൊരു ക്രോസ് തൊടുത്തു. അവസാനത്തെ ഡിഫന്റര്‍ക്കും ഒച്ചോവക്കുമിടയിലെ ഇടനാഴിയിലൂടെ ശരംപോലെ പോയ പന്ത് ജീസസിനു തൊടാനായില്ലെങ്കിലും നെയ്മറിന് പിഴച്ചില്ല. ഹീല്‍പാസ് നല്‍കിയ നെയ്മറിനെ പിന്നീട് വെറുതെ വിട്ടതിന് മെക്‌സിക്കന്‍ ഡിഫന്‍സ് നല്‍കേണ്ടിവന്ന വലിയ വില. പെന്‍സിലും സ്‌കെയിലുമുപയോഗിച്ച് വരച്ചതു പോലുള്ള ഇത്തരം ഗോളുകള്‍ കളിക്കാരുടെ കാലുകളില്‍ മാത്രമല്ല മികച്ച കോച്ചുമാരുടെ തലയില്‍ കൂടിയാണ് പിറക്കുന്നത്. നെയ്മറും പന്ത് മിസ്സാക്കിയിരുന്നെങ്കില്‍ തൊട്ടപ്പുറത്ത് പൗളിഞ്ഞോ ഉണ്ടായിരുന്നു എന്നതില്‍ നിന്നു മനസ്സിലാക്കാം ബ്രസീല്‍ ടീം എത്രമാത്രം അച്ചടക്കത്തോടെയാണ് കളിക്കുന്നതെന്ന്.

ആ ഗോളില്‍ നിന്ന് കരകയറാന്‍ മെക്‌സിക്കോയ്ക്ക കഴിയില്ലെന്ന്, അവരുടെ ഒന്നാം പകുതിയിലെ പ്രകടനം വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാമായിരുന്നു. ഒന്നില്‍ നിര്‍ത്താന്‍ മനസ്സില്ലെന്നു വെളിപ്പെടുത്തി ബ്രസീല്‍ തുടര്‍ന്നും ആക്രമിച്ചതോടെ മെക്‌സിക്കോ വശംകെട്ടു. ലീഡ് സംരക്ഷിക്കുന്നതിനു പകരം ഇനിയും ഗോളടിക്കാനുള്ള വാശിയാണ് ബ്രസീലിന് രക്ഷയായതെന്നു പറയാം. ഒറ്റ ഗോളില്‍ മത്സരം കൊന്നുകളയാന്‍ അവര്‍ തീരുമാനിച്ചിരുന്നെങ്കില്‍ എതിര്‍ടീമിന് അത് അവസരം തുറക്കുമായിരുന്നു, പ്രത്യേകിച്ചും മെക്‌സിക്കന്‍ മുന്‍നിര പ്രത്യാക്രമണത്തില്‍ വിദഗ്ധരാണെന്നതിനാല്‍. ഒപ്പം നെയ്മറിന്റെ അഭിനയ പാടവം കൂടി രക്ഷക്കെത്തിയതോടെ സമയം ഉന്തിത്തള്ളി നീക്കാനും മെക്‌സിക്കന്‍ കളിക്കാരിലെ തീ കെടുത്താനും അവര്‍ക്കായി. അവസാന മിനുട്ടുകളില്‍ എല്ലാം മറന്ന് ആക്രമിക്കുകയല്ലാതെ രക്ഷയില്ലെന്ന് മെക്‌സിക്കോ തിരിച്ചറിഞ്ഞെങ്കിലും ചെറിയ പിഴവിനു വരെ വലിയ വിലനല്‍കേണ്ടി വരുമെന്നുറപ്പായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഡിഫന്ററുമായുള്ള വണ്‍ വണ്‍ സിറ്റ്വേഷന്‍ മുതലെടുക്കുന്നതില്‍ നെയ്മര്‍ വിദഗ്ധനാണ്. ഒച്ചോവ പരമാവധി ജാഗ്രത പാലിച്ചെങ്കിലും പന്ത് വലയിലാക്കാന്‍ ഫിര്‍മിനോ കൃത്യമായി എത്തിച്ചേരുകയും ചെയ്തു.

കളിച്ച രീതി ഇഷ്ടപ്പെട്ടെങ്കിലും സമയം കൊല്ലാന്‍ ബ്രസീല്‍ പുറത്തെടുത്ത അനാവശ്യ അടവുകള്‍ എനിക്ക് ഇറിറ്റേറ്റിങ് ആയിരുന്നു. പ്രായോഗിക ഫുട്‌ബോളില്‍ അതിന് വലിയ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ഇത്രയധികം വിഭവങ്ങളും അനുകൂല സാഹചര്യങ്ങളുമുള്ളൊരു ടീം ഇത്തരം തറവേലകള്‍ കാണിക്കുന്നത് ബോറാണ്. 50:50 ബോഡിചലഞ്ചുകളില്‍ പോലും ഉരുണ്ടുവീണ് നിലവിളിക്കുന്ന നെയ്മറിനെ കാണുന്നത് എന്റെ കൂടെ കളികണ്ട ബ്രസീല്‍ ആരാധകനു പോലും അരോചകമായിരുന്നു. മിക്കപ്പോഴും അയാള്‍ എതിരാളിയുടെ ഫുട്ട് മൂവ്‌മെന്റില്‍ കുടുങ്ങുന്നതിനായി അഡ്വാന്‍സ് ചെയ്യുന്നതായി പോലും തോന്നി. ത്രോലൈനിനു പുറത്ത് മൂന്നു മിനുട്ടോളം കളഞ്ഞ ആ സംഭവം ഉദാഹരണം. പന്തെടുക്കാന്‍ വന്ന പ്ലെയറുടെ കോണ്‍ടാക്ട് മനഃപൂര്‍വമാണെന്നു സമ്മതിച്ചാല്‍ തന്നെയും നെയ്മറിന്റേത് നാടകമായിരുന്നുവെന്ന് പറയാന്‍ വയ്യ. കാസമിറോയും ഈ അടവെടുക്കുന്നതില്‍ സമര്‍ത്ഥനാണ്; അതിന്റെ ആവശ്യമെന്താണെന്നാണ് മനസ്സിലാകാത്തത്.

മുമ്പ് പറഞ്ഞത് ഒരിക്കല്‍ക്കൂടി പറയട്ടെ; ഈ ടൂര്‍ണമെന്റില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഫുട്‌ബോള്‍ കളിക്കുന്ന ടീം ബ്രസീലാണ്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ രണ്ടുഗോള്‍ വിജയത്തോടെ ഇപ്പോള്‍ തന്നെ അവര്‍ കപ്പില്‍ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. എതിര്‍ ടീമിന്റെ ശക്തിദൗര്‍ബല്യങ്ങളെ ശരിയായി വിലയിരുത്തുന്ന ടിറ്റേക്ക് തന്റെ പ്ലാനുകള്‍ നടപ്പാക്കാന്‍ കഴിവുള്ള കളിക്കാരും അവരുടെ സന്നദ്ധതയുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയും ഉള്‍ക്കരുത്തോടെയുമേ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിയൂ. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള അവരുടെ കമ്മ്യൂണിക്കേഷന്‍ ഭേദിച്ചുകളയാതെ അത് സാധ്യമല്ല. ഒരേ രീതിയില്‍ കളിക്കാത്ത ബ്രസീലാകട്ടെ അങ്ങനെയൊരു സാധ്യത നല്‍കുന്നുമില്ല.

Film

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്‌ളാക്ക് എലിവേഷന്‍ മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2025ലെ ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ ‘ഡീമണ്‍സ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം
വിയറ്റ്‌നാം യുദ്ധത്തിന്റെ അന്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, ഒഫീഷ്യല്‍സ്, ഗസ്റ്റ്, സ്‌പോണ്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ടാവും.

എക്‌സിബിഷന്‍
മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ‘ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്‍സിയ’, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

അനുബന്ധ പരിപാടികള്‍
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ സംഘടിപ്പിക്കും.

പുരസ്‌കാരങ്ങള്‍
ഡിസംബര്‍ 19ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്‍ഡുകളും സമാപനച്ചടങ്ങില്‍ സമ്മാനിക്കും.

ഐ.എഫ്.എഫ്.കെയുടെ ഹ്രസ്വചരിത്രം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐ.എഫ്.എഫ്.കെ, കോവിഡിന്റെ പശചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.

Continue Reading

entertainment

ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.

Published

on

നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്‌നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.

ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.

Continue Reading

Health

ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി

2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക്  ഔദ്യോഗിക അംഗീകാരം നല്‍കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന്‍ വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര്‍ കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന്‍ TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന്‍ ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

 

Continue Reading

Trending