News

എംബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം മുറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സഹപാഠി അറസ്റ്റില്‍

By vismaya

February 17, 2026

ഇന്‍ഡോര്‍: 24കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം. താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ദ്വാരകാപുരിയിലെ വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തായ പീയുഷ് ദംനോദിയയെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനിയും പീയുഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 11ന് വിദ്യാര്‍ത്ഥിനി പീയുഷിന്റെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ വിവാഹ വിഷയത്തില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ പീയുഷ് വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടി.

കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് രക്ഷപ്പെട്ടതായും, ഹോട്ടലില്‍ മുറിയെടുത്ത് യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ താന്ത്രിക വിദ്യകള്‍ നടത്തിയതായും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. യുവതി മറ്റ് പുരുഷന്മാരുമായി സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു.