മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരവും ഫ്രഞ്ച് ക്യാപ്റ്റനുമായ കിലിയന്‍ എംബാപ്പേയ്ക്ക് 2024-25 സീസണിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം. മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ വെച്ച് നടന്ന ചടങ്ങിലാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ സീസണില്‍ ലാലീഗയില്‍ റയല്‍ മാഡ്രിഡിനായി എംബാപ്പേ 31 ഗോളുകളാണ് നേടിയത്.
കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത് സ്‌പോര്‍ട്ടിങ് ലിസ്ബണിനായി കളിച്ച സ്വീഡിഷ് സ്ട്രൈക്കര്‍ വിക്റ്റര്‍ ഗ്യോകറസ് ആണെങ്കിലും, ടോപ് ഫൈവ് യൂറോപ്യന്‍ ലീഗുകളില്‍ ഗോള്‍ നേടിയതിനുള്ള ആനുകൂല്യത്തില്‍ എംബാപ്പെയാണ് മുന്നില്‍. ലാലീഗയിലെ 31 ഗോളുകള്‍ക്ക് 62 പോയിന്റ് നേടി താരം ഒന്നാം സ്ഥാനത്ത്. പോര്‍ച്ചുഗീസ് ലീഗില്‍ 39 ഗോളുകള്‍ നേടിയ ഗ്യോകറസിന് 58.5 പോയിന്റ് മാത്രമേ ലഭിച്ചുള്ളൂ. ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് 29 ഗോളുകളുമായി 58 പോയിന്റ് നേടി മൂന്നാമത്.
റയലില്‍ തന്നെ തുടരുമെന്ന ആഗ്രഹം എംബാപ്പേ ചടങ്ങില്‍ പ്രകടിപ്പിച്ചു. ”ഈ ക്ലബ്ബിനൊപ്പം കൂടുതല്‍ ട്രോഫികള്‍ നേടാനാണ് ലക്ഷ്യം,” താരം പറഞ്ഞു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 9 വിജയങ്ങളോടെ 27 പോയിന്റുമായി ലാലീഗ പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്.