മലപ്പുറം: പ്രാര്‍ഥനാ പുണ്യം തേടി മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ആശിര്‍വാദം തേടിയാണ് ഖമറുദ്ദീന്‍ പാണക്കാട്ടെത്തിയത്. രാത്രി എട്ട് മണിയോടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വസതിയിലാണ് എം.സി ഖമറുദ്ദീന്‍ ആദ്യമെത്തിയത്. തുടര്‍ന്ന് പ്രചാരണ ചുമതലയുള്ള കുഞ്ഞാലിക്കുട്ടി യുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.

8.30 മണിയോടെ പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം പാണക്കാട്ടെ വീട്ടിലെത്തിയ എം.സി ഖമറുദ്ദീനെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്ന് തങ്ങളുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു. ശേഷം പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബര്‍ സിയാറത്ത് നടത്തി. ഹൈദരലി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്്‌ലിംലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റസാഖ് മാസ്റ്റര്‍ അദ്ദേഹത്തെ അനുഗമിച്ചു.