സര്‍ക്കാര്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പോലും മുന്‍ നിയമനമില്ലാതെ നോര്‍ത്ത് ബ്ലോക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ തീരുമാനം. ബജറ്റിനു മുന്നോടിയായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാറുണ്ടെങ്കിലും മുന്‍ കാലങ്ങളില്‍ ബജറ്റ് അവതരണത്തിനു ശേഷം തൊട്ടടുത്ത ദിവസം തന്നെ ഈ നിയന്ത്രണം എടുത്ത് കളയുകയാണ് പതിവ്. എന്നാല്‍ മാധ്യമ വിലക്ക് നീളുകയാണ്.

ബജറ്റിന് തൊട്ടടുത്ത ദിവസം ശനിയാഴ്ച മുതല്‍ നോര്‍ത്ത് ബ്ലോക്കിലേക്കുള്ള പ്രവേശന നിയന്ത്രണത്തെ തുടര്‍ന്ന് മാധ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച മാധ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഹ്രസ്വകാല ചര്‍ച്ചയ്ക്കായി പതിനാറ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന് നോട്ടീസ് സമര്‍പ്പിച്ചു. എന്‍സിപി മേധാവി ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട നോട്ടീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാല്‍ അടുത്തയാഴ്ച ഇത് ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു.


ഒപ്പിട്ടവരില്‍ ബിജെപി അംഗം സുബ്രഹ്മണ്യന്‍ സ്വാമിയും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ്, ടിഎംസി, ആര്‍ജെഡി, എസ്പി, ബിഎസ്പി, എഎപി, സിപിഐ, പിഡിപി, സിപിഐ (എം), ഡിഎംകെ, കേരള കോണ്‍ഗ്രസ് (എം), ഐയുഎംഎല്‍ എന്നിവരും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്.