kerala

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; വിനോദിനിക്ക് കൈവച്ച് നല്‍കും -വി.ഡി. സതീശന്‍

By webdesk18

January 02, 2026

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവില്‍ വലതു കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നല്‍കാമെന്ന് വി.ഡി. സതീശന്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

മുഖ്യമന്ത്രി ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കൃത്രിമ കൈ വയ്ക്കാന്‍ തുക പര്യാപ്തമല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സഹായം സര്‍ക്കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ അടുത്തിടെ കളക്ടറെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സഹായം. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് നന്ദി എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് (9) വീണ് പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാല്‍ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഒക്ടോബര്‍ അഞ്ചിന് വന്നാല്‍ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു.

എന്നാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നാണ് കുടുംബം ആരോപിച്ചത്. ഇതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. വീണു പരിക്കേറ്റ ഒന്‍പതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവില്‍ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബം പറയുന്നത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്.

അതേസമയം, അപൂര്‍വമായി നടക്കുന്ന സംഭവമാണ് ഇതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കില്‍ വീണ്ടും വരാന്‍ പറഞ്ഞിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കി എന്നാണ് ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്കുണ്ടായത് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റ് ഉണ്ടായതോ ആണ് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിയില്‍ നിന്ന് നല്‍കാവുന്ന എല്ലാ ചികിത്സയും നല്‍കിയെന്നും ചികിത്സ പിഴവില്ലെന്നും കെജിഎംഒഎയും പ്രതികരിച്ചിരുന്നു. എന്നാല്‍ സമഗ്ര റിപ്പോര്‍ട്ട് വരുന്നതിന് മുന്നേയാണ് എല്ലാം ക്ലിയര്‍ ആണെന്ന കെജിഎംഒഎയുടെ വാദം.