കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവം ചികിത്സാ പിഴവാണെന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജോയിന്റ് ഡിഎംഒക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്ന അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തുടരന്വേഷണം.

ഇക്കഴിഞ്ഞ ജൂലായ് 18നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഷംന മരിച്ചത്. പനി ബാധിച്ച ഷംനയെ സുഹൃത്തുക്കള്‍ഡ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഷംനക്ക് കുത്തിവെപ്പ് നല്‍കുകയായിരുന്നു. അതിന് ശേഷം ഷംന കുഴഞ്ഞുവീണു. എന്നാല്‍ കുത്തിവെപ്പ് എടുത്ത വാര്‍ഡില്‍ അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇത് ശരിവെക്കുന്നത് തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ടും.