കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തു. എന്നാല്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കാര്‍ഡിലുണ്ടോ എന്ന് വ്യക്തമല്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കും.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തത്. ഒളിവിലായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

എന്നാല്‍ നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാര്‍ഡ്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന് ശേഷമേ പറയാനാവു. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി.

ഞായറാഴ്ചയാണ് കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബില്‍ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി നല്‍കിയിരിക്കുന്ന മൊഴി. കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പൊലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.