Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

By webdesk17

August 08, 2025

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു. മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.