News

മൗറീഷ്യസിന് സമീപം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

By Manya

February 06, 2026

ഭുവനേശ്വര്‍: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ മൗറീഷ്യസിന് സമീപം കടലില്‍ കാണാതായതായി റിപ്പോര്‍ട്ട്. ഒഡീഷ ഭദ്രക് ജില്ലയിലെ കേസ്പൂര്‍ സ്വദേശിയായ സര്‍ത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3ന് കപ്പലില്‍ ഡ്യൂട്ടിയിലിരിക്കെയാണ് സര്‍ത്തക് അപ്രത്യക്ഷനായതെന്നാണ് ലഭിക്കുന്ന വിവരം.

2025 ജൂലൈ മുതല്‍ നിലവിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സര്‍ത്തക്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ചൈനയിലേക്ക് പോവുകയായിരുന്ന കപ്പലിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നതെന്ന് സര്‍ത്തകിന്റെ അമ്മ രശ്മിത മൊഹാപത്ര പറഞ്ഞു.

മകന്റെ അപ്രത്യക്ഷതയില്‍ താന്‍ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും, വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും രശ്മിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ഒഡീഷ മുഖ്യമന്ത്രി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം എന്നിവരെ ടാഗ് ചെയ്ത് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പിലൂടെയാണ് അമ്മയുടെ അഭ്യര്‍ത്ഥന.

സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും, കപ്പലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുവാവിനെ കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ അനിവാര്യമാണെന്ന നിലപാടിലാണ് കുടുംബം.