എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബാര്‍സിലോനയെയും, വിജയ രാത്രിയുടെ അവതാരമായി മാറിയ ലയണല്‍ മെസിയെയും മതിമറന്ന് അഭിനന്ദിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഇരട്ടഗോളുകളുമായി തിമര്‍ത്താടിയ മാജിക്കല്‍ മെസ്സി, ബാഴ്‌സക്കായി തന്റെ 500-ാം ഗോളും തൊടുത്ത രാത്രിയായിരുന്നു അത്.

ബാഴ്‌സയുടെ വിജയത്തിന്റെ മുഴുവന്‍ അവകാശവും ഏറ്റെടുക്കാന്‍ ഉതകുന്ന പ്രകടനം പുറത്തെടുത്ത മെസിയെ ലോക മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതിന് പൂര്‍ണ പിന്തുണയുമായായ നീങ്ങുകയാണ് ബാഴ്‌സലോണ.
മെസി ആരാധകര്‍ക്കായി ലിയോയുടെ കരിയറിലെ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ബാഴ്‌സ അവരുടെ ഔദ്യോഗിക പേജുകള്‍ വഴി ആരാധകര്‍ക്കായി പുറത്തുവിട്ടു. ബാഴ്‌സക്കായി മെസി തന്റെ 19ാം വയസില്‍ നേടിയ ഗോള്‍ മുതല്‍, തുടര്‍ന്നു നേടിയ 499 ഗോളുകളുടെ അസുലഭ നിമിഷങ്ങളാണ് ക്ലബ് താരത്തിനായി പുറത്തിറക്കിയത്.
മെസി ആരാധകര്‍ ഈ വീഡിയോ നഷ്ടപ്പെടുത്തരുത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ബാഴ്‌സയുടെ തട്ടകത്തില്‍ ആദ്യമായി പന്തു തട്ടുന്ന 19 കാരന്‍ പിന്നീട് ലോകതാരമായി മറുന്നത ചരിത്രമാണ് വീഡിയോയിലുടെ പറയുന്നത്. എന്നാല്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ റൊണാള്‍ഡിഞ്ഞോയുടെ സഹായത്താല്‍ നേടിയ ആദ്യമായി വല കുലുക്കിയ 19 കാന്റെ ഗോള്‍ റഫറി അനുവദിച്ചിരുന്നില്ല. പക്ഷേ തുടര്‍ന്ന് സമാന നീക്കത്തിലൂടെ തന്നെ ഗോള്‍ നേടി റൊണാള്‍ഡിഞ്ഞോയുടെ തോളിലേറി ആടുകയാണ് മെസി ചെയ്യുന്നത്. തുടര്‍ന്ന ക്ലബിനായി നേടിയ 499 ഗോളുകള്‍ ഫുട്‌ബോള്‍ ലോകത്തിന് ഒരു ഇതിഹാസത്തെ കൂടി നല്‍കുകയായിരുന്നു.