മാര്‍ച്ചിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്‌പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. അതേസമയം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തില്‍ കളിപ്പിക്കാനായി നടന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന കായിക വകുപ്പ് പറഞ്ഞിരുന്നു. മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ സ്വകാര്യ ടിവി ചാനല്‍ കമ്പനിയെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ് ഏല്‍പ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വകുപ്പ് പറഞ്ഞിരുന്നു. കൂടാതെ അര്‍ജന്റീന കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്കും മറുപടിയില്ല.
എന്നാല്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്‌പെയിനില്‍ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളില്‍ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ 2 തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് വകുപ്പിലെ ഉന്നതര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ് കരാര്‍ ഇല്ലെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ വിചിത്ര മറുപടി.
കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാട്ടി നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ലെന്നും പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീടാണ് മാര്‍ച്ചില്‍ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്.