ബാര്‍സലോണ: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ഭാര്യ ആന്റോനെല്ല റൊക്കൂസോയുടെ ഗര്‍ഭപാത്രത്തിലുള്ള തങ്ങളുടെ പുതിയ കുഞ്ഞിന് പേരിട്ടു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചെറു വീഡിയോയിലാണ് പുതിയ കുട്ടിയുടെ ‘സിറോ’ എന്ന പേര് മെസ്സി വെളിപ്പെടുത്തിയത്. റൊക്കൂസോയുടെ വയറ്റില്‍ ഗര്‍ഭസ്ഥശിശു ചവിട്ടുന്നതിന്റെ വീഡിയോയാണ് ‘ബേബി സിറോ’ എന്നു രേഖപ്പെടുത്തി മെസ്സി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആയിരിക്കും സിറോയുടെ വരവ് എന്നാണ് സൂചന. മെസ്സിയും റൊക്കൂസോയും വിവാഹിതരായതിനു ശേഷമെത്തുന്ന ആദ്യ കുഞ്ഞാണ് സിറോ.

അഞ്ചു വയസ്സുമുതല്‍ പരസ്പരം പരിചയമുള്ളവരാണ് മെസ്സിയും റൊക്കൂസോയും. 2009-ലാണ് തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം മെസ്സി സ്ഥിരീകരിച്ചത്. 2012-ല്‍ ഇവരുടെ ആദ്യ കുഞ്ഞായ തിയാഗോ ജനിച്ചു. 2015-ല്‍ മാറ്റിയോക്കും റൊക്കൂസോ ജന്മം നല്‍കി. 2017 ജൂണ്‍ 30-നാണ് ഇരുവരും വിവാഹിതരായത്.

2017 ഒക്ടോബറില്‍ റൊക്കൂസോയാണ് തങ്ങള്‍ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.