പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നു. കെല്‍റ്റിക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബാഴ്‌സ അവസാന പതിനാറിലെത്തിയത്. ബൊറൂഷ്യ മൊയന്‍ഗ്ലാഡ്ബാച്ചിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയും നോക്കൗട്ട് ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ ബാഴ്‌സക്കായി കളത്തിലിറങ്ങാതിരുന്ന മെസ്സി ഇരട്ട ഗോളുമായി ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. 24-ാം മിനിറ്റില്‍ ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയ മെസ്സി 55-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ സീസണില്‍ മെസ്സിയുടെ ഗോള്‍ സമ്പാദ്യം ഒമ്പതായി.

ബറൂഷ്യ മൊയന്‍ ഗ്ലാഡ്ബാച്ചിനോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിച്ചത്. 23-ാം മിനിറ്റില്‍ റാഫേലിലൂടെ മുന്നിലെത്തിയ ഗ്ലാഡ് ബാച്ചിനെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഡേവിഡ് സില്‍വയാണ് സിറ്റിക്കു വേണ്ടി സമനില ഗോള്‍ നേടിയത്. അതേ സമയം പരിക്കേറ്റ ഗോള്‍കീപ്പര്‍ മാന്യൂവല്‍ ന്യൂവറിന്റേയും ആര്യന്‍ റോബന്റേയും അഭാവത്തില്‍ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടക്കാനുള്ള ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ ആഗ്രഹങ്ങളെ റഷ്യന്‍ ടീം റോസ്‌തോവ് തല്ലിക്കെടുത്തി. 3-2നാണ് റോസ്‌തോവ് ബയേണിനെ അട്ടിമറിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഗ്രൂപ്പില്‍ മുന്നില്‍. ശനിയാഴ്ച ബുണ്ടസ് ലീഗയില്‍ ബറൂഷ്യ ഡോട്മണ്ടിനോട് പരാജയപ്പെട്ട ഷോക്കില്‍ നിന്നും മാറും മുമ്പേയാണ് റഷ്യന്‍ ടീം ബയേണിനെ നാണം കെടുത്തിയത്. സെപ്തംബറില്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ റോസ്‌തോവിനെ 5-0നാണ് ബയേണ്‍ നാണം കെടുത്തിയിരുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ റോസ്‌തോവ് നേടുന്ന ആദ്യ വിജയമാണിത്.

ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ പാരീസ് സെന്റ് ജര്‍മെയ്ന്‍ 2-2ന് സമനിലയില്‍ തളച്ചു. ഇതോടെ ആഴ്‌സണല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77-ാം മിനിറ്റ് വരെ 2-1ന് പിന്നിട്ടു നിന്ന ആഴ്‌സണലിന് ഇവോബിയുടെ ഓണ്‍ ഗോളാണ് സമനില സമ്മാനിച്ചത്.

സെപ്തംബറില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു.  മറ്റ് മത്സരങ്ങളില്‍ ബേസിക്റ്റാസ് 3 ബെനഫിക 3, ലുഡോഗോററ്റ്‌സ് 0 ബേസല്‍ 0, നാപോളി 0 ഡൈനാമോ കീവ് 0 എന്നീ ടീമുകള്‍ സമനില പാലിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ് പി.എസ്.വിയെ 2-0നു കീഴ്‌പ്പെടുത്തി.