ബാര്‍സകുപ്പായത്തില്‍ അറുന്നൂറാം മത്സരത്തിന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇന്ന് ബൂട്ടുകെട്ടും. സ്പാനിഷ് ലാ ലീഗില്‍ സെവിയ്യക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി അപൂര്‍വ്വ നേട്ടം കൈവരിക്കുക. സ്പാനിഷ് താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ച ബാര്‍സ താരങ്ങള്‍. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 1.30ന് ബാര്‍സയുടെ തട്ടമായ നൗകാമ്പിലാണ് മത്സരം.

2004-ല്‍ എസ്പാനോളിനെതിരെ 82-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയായിരുന്നു ബാര്‍സലോണയില്‍ മെസ്സിയുടെ അരങ്ങേറ്റം. പതിമൂന്ന് വര്‍ഷമായി ബാര്‍സയില്‍ തുടരുന്ന മെസ്സി 599 മത്സരങ്ങളില്‍ നിന്നായി 523 ഗോളുകള്‍ ക്ലബിനായി നേടിയിട്ടുണ്ട്. ബാര്‍സക്കൊപ്പം 30 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ മെസ്സി അഞ്ചു തവണ ലോക ഫുട്‌ബോളര്‍ പട്ടത്തിന് അര്‍ഹനായിട്ടുണ്ട്.
നടപ്പു സീസണില്‍ ലാലീഗയില്‍ ഗോള്‍വേട്ട തുടരുന്ന മെസ്സി പത്തു കളികളില്‍ നിന്നായി 12 തവണ ബാര്‍സക്കായി വലകുലുക്കി. തന്റെ അറുന്നൂറാം മത്സരത്തിലും ഗോള്‍വേട്ട തുടരുമെന്ന പ്രതീക്ഷയിലാണ് മെസ്സി ആരാധകര്‍. കഴിഞ്ഞ വര്‍ഷം ലാലീഗ കിരീടം ബന്ധവൈരികളായ റയല്‍ മാഡ്രിഡിന് അടിയറുവെച്ച ബാര്‍സ, പരിശീലകന്‍ എര്‍ണസ്റ്റോ വാല്‍വെര്‍ടെ നേതൃത്വത്തില്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മെസ്സിയും സംഘവും. പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ ഒന്‍പതു ജയവും ഒരു സമനിലയുമായി 28 പോയിന്റോടെ നിലവില്‍ ഒന്നാമതാണ് ബാര്‍സ . മൂന്നാമതുള്ള റയലുമായി എട്ടു പോയിന്റിന്റെ വ്യക്തമായ ലീഡാണ്ടാണുള്ളത്.