tech

വാട്‌സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വരെ മെറ്റ വായിക്കുന്നു; കോടതിയെ സമീപിച്ച് ഉപയോക്താക്കള്‍

By Akhila

January 27, 2026

വാഷിങ്ടണ്‍: ‘എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍’ സംവിധാനം നിലനില്‍ക്കെത്തന്നെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് മാതൃകമ്പനിയായ മെറ്റക്കെതിരെ കോടതിയില്‍ ഹരജി നല്‍കി. ഒരു കൂട്ടം അന്താരാഷ്ട്ര ഉപയോക്താക്കളാണ് സാന്‍ ഫ്രാന്‍സിസ്‌കോ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഡിലീറ്റ് ചെയ്‌തെന്ന് കരുതുന്ന സന്ദേശങ്ങള്‍ വരെ മെറ്റ വായിക്കുകയും ചോര്‍ത്തുകയും ചെയ്യുന്നുവെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.

ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. ജനുവരി 23നാണ് ഈ കേസ് ഫയല്‍ ചെയ്തത്. വാട്‌സ്ആപ്പിന്റേത് തട്ടിപ്പാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്നും അസംബന്ധമാണെന്നും മെറ്റ വ്യക്തമാക്കി. ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതിക തെളിവുകള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (end-to-end encryption) രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സന്ദേശങ്ങള്‍ അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയിലാണ്. ഇതിന്റെ എന്‍ക്രിപ്ഷന്‍ കീകള്‍ (encryption keys) ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ തന്നെ സൂക്ഷിക്കപ്പെടുന്നതിനാല്‍ മെറ്റയ്ക്ക് (Meta) പോലും ഈ സന്ദേശങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാനോ വായിക്കാനോ കഴിയില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം വാട്‌സ്ആപ്പിനെതിരെയുള്ള പരാതി ഉപയോഗപ്പെടുത്തുകയാണ് ഇലോണ്‍ മസ്‌ക്. വാട്‌സ്ആപ്പ് സുരക്ഷിതമല്ലെന്ന് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. അദ്ദേഹം നേരത്തെയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാട്‌സ്ആപ്പിലെ സിഗ്‌നല്‍ പോലും സംശയാസ്പദമാണെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, ഉപയോക്താക്കളോട് എക്‌സ് ചാറ്റ് (X Chat) ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് എക്‌സ് ചാറ്റ് ലോഞ്ച് ചെയ്തത്. സുരക്ഷിതമായി മെസേജുകള്‍ അയക്കാനാകുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.