മലപ്പുറം: മുസ്‌ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ധൈഷണികവും ചരിത്രപരവുമായ ദിശാബോധം തലമുറകള്‍ക്ക് കൈ മാറിയ നേതാവാണ് എം.ഐ തങ്ങളെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, എന്നീ പുസ്തകങ്ങള്‍ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിന്റെ ആധികാരിക രേഖകളാണ്. രാഷ്ട്രീയ പ്രതിയോഗിയെ എതിരിടുന്ന രാഷ്ട്രീയം എന്നതിനപ്പുറത്തേക്ക് സാമൂഹിക മാറ്റമാണ് രാഷ്ട്രീയത്തിന്റെ നിദാനമെന്ന് എം.ഐ തങ്ങള്‍ ലോകത്തോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം അനുസ്മരിച്ചു.