News

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി മൈക്കിൾ കാരിക്ക്; ഇന്ന് കരാർ ഒപ്പ് വെക്കും

By sreenitha

January 13, 2026

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ താത്കാലിക പരിശീലകനായി മുൻ താരം മൈക്കിൾ കാരിക്ക് ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ഇന്ന് തന്നെ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ ക്യാരിങ്ടണിൽ എത്തുന്ന ഇംഗ്ലീഷ് പരിശീലകൻ ഔദ്യോഗിക കരാറിൽ ഒപ്പ് വെക്കുമെന്നാണ് റിപ്പോർട്ടുകൾ.

2025 ജൂൺ വരെ ചാംപ്യൻഷിപ് ക്ലബ് മിഡിൽസ്‌ബറോയുടെ പരിശീലകനായിരുന്ന കാരിക്ക്, നിലവിലെ സീസൺ അവസാനിക്കുന്നത് വരെ യുണൈറ്റഡിനെ നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച പരിശീലക സ്ഥാനത്ത് നിന്ന് റൂബൻ അമോറിമിനെ പുറത്താക്കിയതോടെയാണ് താത്കാലിക പരിശീലകനെ തേടി യുണൈറ്റഡ് നീക്കം ശക്തമാക്കിയത്. മുൻ താരം ഒലെ ഗണ്ണാർ സോൾഷെയറിനൊപ്പം മൈക്കിൾ കാരിക്കും പട്ടികയിലുണ്ടായിരുന്നു.

2006 മുതൽ 2018 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയണിഞ്ഞ കാരിക്ക് വിരമിച്ചതിന് ശേഷം ഹോസെ മൗറീന്യോയുടെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി പ്രവർത്തിച്ചു. മൗറീന്യോ പുറത്തായതിന് പിന്നാലെ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹം ചുമതലയേറ്റിരുന്നു. തുടർന്ന് ഒലെ ഗണ്ണാർ സോൾഷെയറിന്റെ കോച്ചിങ് സംഘത്തിലും അംഗമായി. 2021 നവംബറിൽ സോൾഷെയർ പുറത്തായപ്പോൾ വീണ്ടും താത്കാലിക പരിശീലകനായി കാരിക്ക് ചുമതലയേറ്റെങ്കിലും ഡിസംബറിൽ റാൽഫ് റാങ്നിക് എത്തിയതോടെ സ്ഥാനമൊഴിഞ്ഞു.

2022 ഒക്ടോബറിലാണ് കാരിക്ക് മിഡിൽസ്‌ബറോയുടെ പരിശീലകനായത്. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം വീണ്ടും ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങുന്ന കാരിക്കിന് മുന്നിലെ ആദ്യ വെല്ലുവിളികൾ കടുപ്പമുള്ളവയാണ്. ആദ്യ മത്സരം ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും രണ്ടാമത്തെ മത്സരം ലീഗ് പട്ടികയിൽ ഒന്നാമതുള്ള ആഴ്‌സനലിനെതിരെയും ആയിരിക്കും.